Wednesday, May 27, 2009

ആരവത്തിന് ഒരു ആമുഖം

ലോകചരിത്രത്തില്‍ പല കാര്യങ്ങളും എഴുതിച്ചേര്‍ത്ത, നിളാതീരത്തു നിന്നുള്ള ഒരു പുതിയ ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പ്രസിദ്ധീകരണസംരംഭത്തിന്റെ ബ്ളോഗ് എഡിഷനു ആമുഖമായി ഏതാനും വാക്കുകള്‍ കുറിക്കാന്‍ അതീവ സന്തോഷമുണ്ട്.സാധാരണക്കാരും പ്രമുഖരുമായ നൂറു പേരുടെ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് പട്ടാമ്പിയില്‍ നിന്ന് ആരവം മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇത്രയും പേരുടെ രചനകളും അനുഭവങ്ങളും അവരുടെ അതേ ശബ്ദത്തില്‍ റിക്കാര്‍ഡ് ചെയ്ത ആരവം ഓഡിയോ മാഗസിനും ഇതിനോടൊപ്പം പുറത്തിറക്കിയിരുന്നു. ആറ് എഡിഷനുകളിലായി തയ്യാറാക്കിയ ഓഡിയോ മാഗസിനും നൂറോളം പേജുള്ള പ്രിന്റഡ് മാഗസിനും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. എക്കാലത്തും പ്രസക്തിയുള്ള ആരവത്തിലെ വിഭവങ്ങള്‍ ബ്ളോഗ് എന്ന മാധ്യമത്തിലൂടെ മാലോകരിലെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. രചനകള്‍ക്കൊപ്പം രചയിതാക്കളുടെ ശബ്ദവും ഫോട്ടോയും കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. ഈ ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നാം ഭാഗത്തില്‍ താഴെ പറയുന്ന വിഭവങ്ങളാണ് ഉണ്ടാകുക : കേരള മുഖ്യമന്ത്രി മുതല്‍ മുതുതല പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുടെ ആശംസകള്‍, ആരവത്തിനു വേണ്ടി ശബ്ദം നല്‍കി മരണമടഞ്ഞു പോയവരുടെ രചനകള്‍. ഒന്നാം ഘട്ടത്തിലെ രചനകള്‍ ഒരുമിച്ച് ഒരേ ദിവസമാണ് ബ്ളോഗില്‍ പോസ്റ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ ,ആരവത്തില്‍ സമ്മേളിച്ചിട്ടുള്ള പ്രമുഖരുടെ രചനകളാണ് ഉണ്ടാവുക.ആരവം പ്രസിദ്ധീകരണങ്ങള്‍ സന്മനസ്സോടെ സ്വീകരിച്ച ആസ്വാദകസമൂഹം ബ്ളോഗിനെയും ആശീര്‍വദിക്കുമെന്നുറപ്പാണ്. ആരവവുമായി സഹകരിച്ച എല്ലാ പേര്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ആരവത്തിന് ആരവം ഓഡിയോമാഗസിന് സഹായങ്ങള്‍ നല്‍കിയ ശ്രീ. ജോയ് മാധവന്‍ എടപ്പാള്‍, ശ്രീ. സി.ആര്‍ രാമചന്ദ്രന്‍ തിരുവേഗപ്പുറ, ശ്രീ. പത്മകുമാര്‍ വളാഞ്ചേരി, ശ്രീ. സുനില്‍രാജ് പള്ളിപ്പുറം എന്നിവര്‍ക്കും ആരവം പ്രിന്റഡ് മാഗസിന്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച് ശ്രീ. ബിജോയ് ഡി ദാസിനും ശ്രീ. സി പി കൃഷ്ണദാസിനും #പരസ്യങ്ങള്‍ നല്‍കി സഹായിച്ച മാന്യസുഹൃത്തുക്കള്‍ക്കും പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തുന്നു.